ഗാഡി നമ്പര്‍ തീന്‍ ചാര്‍ പാഞ്ച്...
by abhayan payyanur
പ്രതീക്ഷിക്കാതെ കുറച്ചു ലീവ് കിട്ടിയപ്പോ വീട്ടില്‍ പോകാന്‍ ചാടിപിടിച്ചു ഹോസ്റ്റലില്‍ നിന്നിറങ്ങി കൊല്ലം റെയില്വേ സ്റ്റേഷന് വച്ച് പിടിച്ചു. എട്ടരക്ക് മാവേലി എക്സ്പ്രെസ്സ് ഉണ്ട്. ബട്ട് വാട്ട് ടു ടു ബ്രോ, നമ്മള് എത്തിയപ്പോളെക്കും വണ്ടി പോയി. എന്നാ പിന്നെ പത്തു മണിയുടെ കണ്ണൂര്‍ എക്സ്പ്രെസ്സിനു പോകാം എന്ന് വിചാരിച്ചൊരു ബെഞ്ചില്‍ കിടന്നങ്ങനെയിരുന്നങ്ങനെയുറങ്ങിയെഴുന്നേറ്റപ്പോ മണി പതിനൊന്നു. കണ്ണൂരും പോയി. സാഡ് സിറ്റുവേഷന്‍.
പിന്നെ കഷ്ടപ്പെട്ട് ഉറങ്ങാതെയിരുന്നു പിറന്കെ വന്ന ഗുരുവായൂര്‍ എക്സ്പ്രെസ്സിനു കേറി. തൃശൂര്‍ ഇറങ്ങി ഏതെങ്കിലും കണ്ണൂര്‍ വണ്ടിക്കു പോകാല്ലോ. അങ്ങനെ രാവിലെ എഴുന്നേല്ക്കുമ്പോള് വണ്ടി തൃശൂരും കടന്നു ഗുരുവായൂര്‍ എത്തി നില്ക്കുന്നു.
പറ്റിയത് പറ്റി ഇനിയിപ്പോ ഗുരുവായൂരമ്പലം ഒക്കെ കണ്ടു വരാല്ലോ എന്ന് വിചാരിച്ചു വണ്ടീല് നിന്നിറങ്ങിയപ്പോ സിഗ്നല്‍ കൊടുക്കുന്ന ആള് പറയുന്നു തൃശൂര്ക്ക് പോകുന്ന പാസന്ന്ജര് ഇപ്പൊ വിടും വേഗം വിട്ടോ അമ്പലം പിന്നേം കാണാല്ലോ എന്ന്. ആ ഉറക്കച്ചടവിലും തിരക്കിലും എല്ലാം കൂടി അയാള്‍ പറഞ്ഞത് പ്രോസെസ്സ് ചെയ്തു അനലൈസ് ചെയ്ത് ഒരു തീരുമാനമെടുക്കാന്‍ സമയമില്ലാത്തത് കൊണ്ട് ഓടിച്ചാടി ട്രെയിനില്‍ കേറി.
ഈ കഥയൊക്കെ അടുത്തിരുന്നാളോട് പറഞ്ഞപ്പോ മൂപ്പര് പറഞ്ഞു താനെന്തു മണ്ടനാടോ അറ്റ് ലീസ്റ്റ് ആ അമ്പലെങ്കിലും കണ്ടിട്ട് വന്നൂടെന്നു ! ഒരുപാടാലോചിച്ചു അടുത്ത സ്റ്റേഷനിലറങ്ങി അമ്പലം കണ്ടിട്ട് വരാമെന്നുറപ്പിച്ചിട്ടു ഞാന്‍ ബാഗുമെടുത്ത് സീറ്റില്‍ നിന്നെഴുന്നെല്ക്കാന് തുനിഞ്ഞപ്പോ അയാള്‍ തന്നെ എന്നോട് പറഞ്ഞു “ അല്ലെങ്കി വേണ്ട, പിന്നൊരിക്കലാകട്ടെ !”
