ഒരു വറയ്റ്റി ഒളിച്ചോട്ടം
by abhayan payyanur
ഉണ്ണി നമ്പൂതിരിയുടെ കല്യാണം നിശ്ചയിച്ചു.
സാമ്പ്രദായികരീതിയില്‍ ഒരു പാട് വീടുകളില്‍ പോയി ചായയും കുടിച്ചു
പെണ്ണ് കണ്ടു അവസാനം ഫിക്സ്ആയതാണ്. കുറച്ചൊന്നുമല്ല കഷ്ടപെട്ടത്.
എന്നാലും ഉണ്ണിയുടെ ഉള്ളില്‍ സങ്കടംഉണ്ടായിരുന്നു.
കാരണം ആശയപരമായി ഈ അറേഞ്ചട് മാരിയേജ് എന്നാ സെറ്റ് അപ്പിനോട് യാതൊരു
താത്പര്യവും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്.ഒരു പ്രേമ വിവാഹം. അതായിരുന്നു ഉണ്ണി കണ്ട
സ്വപ്നം. പക്ഷെ പറഞ്ഞിട്ടെന്താ ഈ പുല്ലുപ്രേമം ഒക്കെ നടക്കണ്ടേ.
ഇന്നസെന്റ് പ്രാഞ്ചിയെട്ടനില്‍ പറഞ്ഞ പോലെ “ നീ എന്താഇഷ്ടാ വിചാരിച്ചത്, ഈ പ്രേമം എന്ന് പറഞ്ഞാ
അങ്ങാടിയില്‍ വെള്ളേപ്പം അടിക്കുന്ന പോലെ ടിം,ടിം എന്ന് നടക്കുന്ന പരിപാടി ആണെന്നാ?”
(ഈ വിഷമം പേറി നടക്കുന്ന
പുരോഗമനചിന്താഗതിക്കാരായ ഒരു പാട് ആള്‍ക്കാരെ എനിക്കറിയാം. ഉദാഹരണത്തിന് ഞാന്‍ തന്നെ)
എന്താ ഇപ്പൊ ചെയ്യാ ..പെണ്ണിനെ
ഒക്കെഇഷ്ടപ്പെട്ടു. ഒരിക്കലും ഇങ്ങനെ ഒരു പെണ്ണിനെ ഒനും പ്രേമിക്കാന്‍ തന്നെ കൊണ്ട്
ഈ ജന്മം പറ്റില്ല. പക്ഷെ തന്റെ ആദര്‍ശം. പോരാത്തതിന് നമ്പൂതിരി സമുദായമാണ്.
ആവശ്യത്തിലധികം പൂജകള്‍ , കോലാഹലങ്ങള്‍..ഒരു
കറ കളഞ്ഞ മാര്‍ക്സിസ്റ്റ്‌ആയ തനിക്കു എങ്ങനെ പറ്റും ഇതൊക്കെ സഹിച്ചുകൊണ്ട് നില്‍ക്കാന്‍.
കല്യാണദിവസത്തെക്കുറിച്ചു ആലോചിച്ചപ്പോള്‍ ഉണ്ണിക്കു തല കറങ്ങി.
കല്യാണ ദിവസം അടുത്തു വരികയാണ്. പെണ്ണിനെ
ആണെങ്കില്‍ അങ്ങ് ഇഷ്ടപ്പെട്ടു പോവുകയും ചെയ്തു, പക്ഷെ ഈ പഴഞ്ചന്‍കല്യാണ രീതിയില്‍
അങ്ങട് താത്പര്യമില്ല താനും.
ആകെ കൂടി ഒരു വഴിയെ ഉള്ളൂ. ഒളിച്ചോടുക.
നിശ്ചയിച്ച പെണ്ണുമായി തന്നെ വിവാഹ തലേന്ന് ഒളിച്ചോടുക. അങ്ങനെ പഴഞ്ചന്‍
സമ്പ്രദായങ്ങളെ വെല്ലുവിളിക്കുക. മോനെ ! കിടു ! ഇതില്‍ പരം വിപ്ലവകരമായി എന്താണ് വേറെ ഉള്ളത് .
ഐഡിയ തന്റെ പ്രതിശ്രുത വധുവിനോട് പങ്കു
വെച്ചപ്പോള്‍ അവള്‍ക്ക് പൂര്‍ണ സമ്മതം. ലജ്ജിച്ചു തല താഴ്ത്തി അവള്‍ പറഞ്ഞു
“ എല്ലാം ചേട്ടന്റെഇഷ്ടം”.
അങ്ങനെ കല്യാണ തലേന്ന് പ്രതിശ്രുത വരനും
വധുവുംഒളിച്ചോടി. സന്തോഷം കൊണ്ട് ഉണ്ണി ഇടക്കിടക്ക് ഇങ്കിലാബ് സിന്ദാബാദ്
വിളിക്കുന്നുണ്ടായിരുന്നു . കല്യാണ പുരയില്‍ എന്തിനോ വേണ്ടി സാമ്പാര്‍ തിളച്ചു.
